തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽപ്പന നടത്തുന്നതിനായി ബക്കാർഡി അടക്കമുള്ള വിദേശ മദ്യകന്പനികൾ സമീപിച്ചതിനു പിന്നാലെ വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം തയാറാക്കാൻ അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദൻ നിർദേശം.
ബക്കാർഡിയെ കൂടാതെ മറ്റൊരു മദ്യകന്പനിയായ എസ്ഡിഎഫ് ഇൻഡസട്രീസിന്റേത് അടക്കമുള്ള സമാന അപേക്ഷകൾ ഒരുമിപ്പിച്ചു വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ നിർവചനം നൽകി അടിയന്തരമായ റിപ്പോർട്ട് തയാറാക്കാനാണ് അന്നത്തെ ടാക്സസ് (എക്സൈസ്) പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് മന്ത്രി എം.വി. ഗോവിന്ദൻ നിർദേശിച്ചത്.
വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിതരണം ചെയ്യാൻ സംവിധാനം ഒരുക്കണമെന്ന ബക്കാർഡി കന്പനി, സർക്കാരിനു കത്തു നൽകിയതിനു പിന്നാലെയാണ് 2021 നവംബർ 29ന് എം.വി. ഗോവിന്ദൻ നിർദേശം നൽകിയത്. ബക്കാർഡി കന്പനിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശമദ്യ ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തിയത്. 2021 സെപ്റ്റംബർ 18നാണ് ബക്കാർഡി കന്പനി അന്നത്തെ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദനെ സമീപിക്കുന്നത്.
150ഓളം രാജ്യങ്ങളിൽ ഗുണനിലവാരമുള്ള മദ്യം വിതരണം ചെയ്യുന്ന കന്പനിയായ ബക്കാർഡി കഴിഞ്ഞ സാന്പത്തിക വർഷം (2020-21) 150 കോടി രൂപയുടെ മദ്യവിൽപന കേരളത്തിൽ നടത്തിയതായി എം.വി. ഗോവിന്ദനു നൽകിയ കത്തിന്റെ ആമുഖത്തിൽ പറയുന്നു.
ബക്കാർഡി ബ്രീസർ, ബക്കാർഡി പ്ലസ് എന്നീ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽപന നടത്താൻ കഴിയുന്നില്ലെന്ന പരിഭവവും കത്തിൽ ചൂണ്ടിക്കാട്ടുന്നു.വിനോദസഞ്ചാര മേഖലകളിലും കോർപറേറ്റ് ഇവന്റുകളിലും ലിംഗ വ്യത്യാസമില്ലാതെ ഏവർക്കും പ്രിയങ്കരമായ ഉത്പന്നമാണ് ഇതെന്നും മന്ത്രിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് നയം അനുസരിച്ചും ജസ്റ്റീസ് ഉദയഭാനു കമ്മീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിലും കേരളത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം എന്ന നിലയിൽ 15 ശതമാനത്തിൽ കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ ബിയർ, വൈൻ എന്നിവ കേരളത്തിൽ വിൽപ്പന നടത്തുന്നുണ്ട്.
ഇതിനൊപ്പം 15 ശതമാനത്തിൽ താഴെ ആർക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യവിപണനത്തിന് ആവശ്യമായ സംവിധാനം ഒരുക്കണമെന്നും കത്തിൽ നിർദേശിക്കുന്നു. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ബക്കാർഡി സർക്കാരിന് കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്കായി വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയ വിവരം കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.